ShareThis

Monday, 19 March 2018

അവൾ പ്രണയിനി

അവൾ പ്രണയിനി
അവൾക്കു പ്രണയത്തിന്റെ
മുഖമായിരുന്നു
പറക്കാൻ തുടങ്ങും മുമ്പേ
ചിറകുകൾ അരിയപെട്ടവൾ
മനസു കൊടുത്തവൾക്കു
പറക്കാൻ
ചിറകുകൾ വേണ്ടെന്നു 
ആ വിഡ്ഢികൾ അറിഞ്ഞില്ലേ!
കുടുംബ മഹിമയും
ജാതിമേന്മയും പറഞ്ഞവർ
അവൾക്കു മുന്നിൽ
കൊട്ടിയടച്ചത് പ്രണയത്തിന്റെ
വാതിൽ
അവളും കൂട്ടിയടച്ചു  
മനസിന്റെ വാതിൽ
എന്നേയ്ക്കുമായി
ഇനി ലോകവും വെളിച്ചവും
കാണില്ല ആ മനസ്
ഇനി അതവന്റെ മാത്രം ഒളിത്താവളം
പിന്നെ ആ ഇരുട്ട് മുറിയിൽ
അവൾ തനിച്ചായിരുന്നില്ല
ജീവിതത്തിന്റെ നിറങ്ങൾ
പൊലിപ്പും തൊങ്ങലും വെച്ച്
അവൻ പറഞ്ഞ് കൊണ്ടേയിരുന്നു
ആവർത്തന വിരസതയില്ലാതെ
മടുപ്പില്ലാതെ മുത്തശ്ശി കഥകേൾക്കും
കുട്ടിയെപ്പോലെ അവളും
തലയാട്ടിരുന്നു
അവളുടെ അടക്കം പറച്ചിലും
പൊട്ടിച്ചിരികളും
ചങ്ങലയുടെ കുറുക്കവും
കേട്ടവർ പറഞ്ഞു നടന്നു
അവൾക്കു ഭ്രാന്തെന്ന്
പണ്ടെങ്ങോ പാടിക്കേട്ട
യക്ഷിക്കഥപോലെ
അവളും ഒരു പഴങ്കഥയായി
എല്ലാം ആ ഇരുളിന്റെ
നിശബ്ദതയിൽ ഒളിപ്പിച്ചു
നാറുന്ന വസ്ത്രത്തിൽ ഒട്ടിച്ചേർന്നു
അവന്റെ ശ്വാസം ഏറ്റുവാങ്ങി
ഓർമ്മകൾക്കൊപ്പം അവളും ഉറങ്ങി
കഥകളെല്ലാം തീർന്നപ്പോലെ
അരങ്ങൊഴിഞ്ഞ പോലെ
വറ്റാത്ത ഉറവയായിരുന്ന
 ആ കണ്ണുകളും ശാന്തമായി
ചുണ്ടിലെ പുഞ്ചിരിയിൽ
അവളുടെ തൃപ്തിയിൽ 
ഇവിടെ തോറ്റത് ആരാണ്?
കാലമേ ഇനി നിനക്ക് ആ കെട്ടഴിക്കാം 
ഒന്ന് ഉച്ചത്തിൽ കരയാം
അതേ 
പ്രണയത്തിനായി ഉഴിഞ്ഞു വെച്ചവൾ
അവൾ പ്രണയിനി
അവൾക്കെന്നും പ്രണയത്തിന്റെ
മുഖമായിരുന്നു.

4 comments:

Rajkrishnan R Nair said...

ചില ബന്ധങ്ങൾ ഭ്രാന്തൻ്റെ കാലിലെ ചങ്ങല പോലെ വിഡ്ഡിയുടെ ചിരിയോടെ കാണേണ്ടി വരും!!

madhupal said...

Manass ariyunnavarude vaakkukal

madhupal said...

Manass ariyunnavarude vaakkukal

Unknown said...

പ്രണയം ഭാവതീവ്രം ഈ കവിത

Post a Comment