ShareThis

Wednesday, 26 September 2018

അറിയാതെ എപ്പോഴോ

അറിയാതെ എപ്പോഴോ
മനസിൻെറ  തന്ത്രിയിൽ
നിന്നോർമ്മകൾ
മുട്ടി  വിളിച്ചിരിക്കാം

അറിയാതെ എപ്പോഴോ
പ്രണയാർദ്ര മിഴികൾ
ചുടുചുംബനത്താൽ
നിന്നെ പൊതിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
നിൻ ഹൃദയത്തിലെത്തി
ഒരു നൊമ്പരക്കിളിയായ്
ചിറകടിച്ചിരിക്കാം

അറിയാതെ എപ്പോഴോ
നിൻ നിഴൽ നോക്കി
അരയാൽമരം ചുറ്റി
തളർന്നിരിക്കാം

അറിയാതെ  എപ്പോഴോ
നനഞ്ഞൊരാ മഴയിൽ
നിൻെറ  ആലിംഗനം
പതിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
പുസ്തകത്താളിൽ
നിൻ മുഖചിത്രം
വരച്ചിരിക്കാം

അറിയാതെ എപ്പോഴോ
കാണാമറയത്തു
രണ്ടിണക്കിളികളായ്
പാറിപ്പറന്നിരിക്കാം

അറിയാതെ എപ്പോഴോ
പ്രണയിനിയായി
നിൻെറ  സിന്ദൂരം
അണിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
നിൻ വിരൽത്തുമ്പാലെ
അഹല്യയായി
പുനർജനിച്ചിരിക്കാം

അറിയാതെ എപ്പോഴോ
ബാധിച്ച  നരകൾ
 പ്രണയത്തിൻ
ബാക്കിപത്രം ആയിരിക്കാം

അറിയാതെ എപ്പോഴോ
നിൻെറ മൗനങ്ങൾ
കണ്ണീരിൽ ചാലിച്ചു
കവിതയായ്....കുറിച്ചിരിക്കാം 

Tuesday, 25 September 2018

ചിതറിപോയൊരു ബാല്യം

ഉടഞ്ഞു വീണ
കുപ്പിവളകളിൽ
ചിതറിപോയൊരു
ബാല്യം

ആ ചീളുകളിന്നും
കുത്തിനോവിക്കുമ്പോൾ
തിരികെ തരില്ലേ
നിൻെറയാ  ചൂട്

അടുക്കളയിലെ
കരിപിടിച്ച മൂലയിൽ
നീ ഇറ്റിറ്റു തന്നു
വാത്സല്യവും

വിയർപ്പു മണമുള്ള
നിൻ മടിയിൽ കിടന്നു
കേൾക്കട്ടെ ആ കഥകൾ

പുനർജനിച്ചോട്ടെ
നിന്നിലൂടെ
കളഞ്ഞു പോയ
ആ കളിപ്പാട്ടം നേടാൻ

മോഹം

അണയുമീ ജീവന്
ശ്വാസമായി
നീ എന്നോ കുറിച്ചിട്ട
വരികൾ

അണപൊട്ടി പായുന്ന
കണ്ണീർ ദ്രവിച്ചതു
നീ തന്ന സ്വപ്‌നങ്ങളോടെ

മങ്ങിത്തെളിയുന്ന
കണ്ണുകളിൽ
മഴവില്ലിൻ നിറമായി
പിന്നെയും പ്രതീക്ഷ

ഏറെ ദൂരം താണ്ടി
മടങ്ങുമ്പോൾ
എല്ലാം മറന്നിട്ട്
വീണ്ടും
നിൻെറ
പുസ്തകത്തിലെ
മയിൽ‌പീലിയായി
പെറ്റുപെരുകിടാൻ
മോഹം

സെപ്റ്റംബർ

ഇളം തണുപ്പും
നിറങ്ങളും
പ്രതീക്ഷകളും
തരുന്ന
സെപ്റ്റംബർ
പ്രണയിക്കാനും
സ്നേഹിക്കപ്പെടാനുമുള്ള
തന്ത്രപ്പാടിൽ
പകലിന്റെ മുറിവുകൾ
ചേർത്തുണക്കാൻ
രാവിന്റെ നിശബ്ദത
പോരാതെ ആയി
എല്ലാം നഷ്ടപ്പെടുമ്പോഴും
ഓർമ്മകൾക്ക്
ഏഴുനിറം
എത്തിച്ചേരേണ്ടവർക്ക്
വഴി തെറ്റില്ലത്രേ
പ്രതീക്ഷയുമായി
മറ്റൊരു
പുലരി 💕

Monday, 24 September 2018

നിന്നെ ഞാനറിയുന്നു

അകലെയെങ്കിലും
നിന്നെ ഞാനറിയുന്നു

ഭൂമി-നക്ഷത്രങ്ങൾ തൻ
ദൂരമുണ്ടെങ്കിലും
രാത്രി-പകലിലെ
ദൈർഘ്യത്തിലും
ഞാൻ ഓർക്കുന്നു
നിൻെറ  വരികൾ
എനിക്കെന്നും പ്രീയം

മരവിച്ച മഞ്ഞുമലകളിൽ
എൻെറ സ്വപ്‌നങ്ങൾ
തണുത്തുറയുമ്പോൾ
വസന്തത്തിൻെറ
താഴ്വരയാകുന്നു
നിൻെറ വാക്കുകൾ

ഒന്ന് മാത്രം പറയെട്ടെ
നിന്നെ ഞാനറിയുന്നു

നീ ഈ വഴി വീണ്ടും വന്നുവോ??

നീ ഈ വഴി
വീണ്ടും വന്നുവോ??

നഷ്ടമായ
പൂക്കാലത്തിൻെറ
സുഗന്ധവും പേറി
ആരും കടന്നു വരാത്ത
വരാന്തയിൽ
നിൻ നിഴൽ കണ്ടു
സുഖമുള്ള കിനാവിൻെറ
നനവ് ഞാനറിഞ്ഞു

കടത്തുതോണിയിൽ
പാട്ടിൻെറ
ചാറ്റൽ മഴയുടെ
ഈണം
എൻെറ  മനസിലും
ഓളങ്ങളായ്

ആ കടവിലേക്ക്
ഓടിയടുക്കുവാൻ
കൈപിടിച്ചു
തുഴയാൻ
നീ ഈ വഴി
വീണ്ടും വന്നുവോ?

Wednesday, 19 September 2018

അനാഥമായൊരു കാലം

മനസിലെ
കുടുക്കുകൾ
ഓരോന്നായി
അഴിച്ചപ്പോൾ
അസ്വസ്ഥരായി
ചിത്രശലഭങ്ങൾ
തിരക്ക് കൂട്ടി

ആത്മാവിൽ
വിരഹത്തിൻെറ 
ചിതയെരിഞ്ഞപ്പോൾ
ഓർമ്മകളിൽ
അനാഥമായൊരു
കാലം
വിറങ്ങലിച്ചു

കണ്ണിൽ കത്തിപ്പടരും
ഇരുട്ടിൽ
കൂടണയാൻ
കുഞ്ഞാറ്റക്കിളികൾ
വെമ്പുമ്പോൾ
ഒരിക്കൽ പൊതിഞ്ഞു
സൂക്ഷിച്ച ഗർഭപാത്രം
തേടി
ആത്മാവ്
 വീണ്ടും തേങ്ങി......

Tuesday, 18 September 2018

കണ്ണീരിന് ഉപ്പ് നിറം

അറിയാതെ
എപ്പോഴോ
ഉള്ളിൻെറ  ഉള്ളിൽ 
എന്നോ വിരിഞ്ഞൊരു
പ്രണയം

നിൻെറ  ആത്മാവിനെ
ചുംബിച്ചു കൊതിവരാത്ത
ചുണ്ടുകൾക്ക്
പറയാൻ ഏറെ

നിൻെറ  കത്തുന്ന കണ്ണുകൾ
കാന്തം പോൽ വലിച്ചപ്പോൾ
ആ സ്നേഹത്തിൻെറ
ആഴമറിയാൻ
മധുരമറിയാൻ
തിടുക്കമായി

ഇന്ന് വിരഹതന്ത്രിയിൽ
കരളിലെ തടങ്കലിൽ
ഒഴുകുന്ന
കണ്ണീരിന്
ഉപ്പ് നിറം

അടർന്നു വീഴട്ടെ ഈ ഞാനും

ഇനി വേണ്ട
പൊള്ളയാം
സ്വാന്തനവാക്കുകൾ
മുൾമുനയോടവ
കാതിൽ പൊടിയും
ലോലമാം ഹൃദയം
നീറുമ്പോൾ
വീണ്ടും കപടമായ്
തലോടി നോവിക്കല്ലേ

വയ്യ
ഇനിയുമെൻ പാടുകൾ
പടർത്തിടാൻ
ഓടിയെത്തി-
പെയ്തെന്നു കാട്ടി
തിരിച്ചുപോയ
മഴയാണ് നീ

മുറിഞ്ഞ മനസുമായ്
തൂലികയിൽ
കൊഴിയുന്ന
അക്ഷരങ്ങൾക്കൊപ്പം
അടർന്നു വീഴട്ടെ
ഈ ഞാനും

Monday, 17 September 2018

പറന്നുയർന്നിടാം മറുപടിയുമായ്

വാക്കുകളുടെ
ഒറ്റപെട്ട തുരുത്തിൽ
നിന്നും
അക്ഷരക്കൂട്ടുകളാൽ
കവിതയിൽ
കോർത്തു വെച്ചിടാം
ഇനി
ഹൃദയങ്ങളെ

അനഘമാം നിമിഷത്തിൽ
ഹൃദയസ്പന്ദം
ജീവനിൽ മുറുകുമ്പോൾ
പാതിനനഞ്ഞ തൂവലാൽ
തലോടിടാം

അടഞ്ഞ കിനാവിൻെറ
താഴും തുറന്ന്
വീണുടഞ്ഞ മോഹങ്ങളും
വീണ്ടെടുത്ത
വിചാരങ്ങളുമായി
പറന്നുയർന്നിടാം
മറുപടിയുമായ്......

Sunday, 16 September 2018

എൻ സ്വപ്‌നങ്ങളെങ്കിലും

രാവിൻെറ
ശോകത്തിൽ
നിറകണ്ണുകളോടെ
നിൽക്കേ
തീരാ ദുഃഖത്തിൻെറ
ഭാരവും പേറി
നിള പിന്നെയും
നിറഞ്ഞൊഴുകി

ചെമ്മണ്ണിൻ ഗന്ധം
കലർന്ന കവിതയിൽ
ഭൂമിഹൃദയം പിടഞ്ഞു
പൂർവ്വകർമ്മങ്ങളും
മുൻവിധികളും
മുന്നിലെത്തി
താണ്ഡവമാടി
അനന്തബിന്ദുവിൽ
അലിഞ്ഞിടാൻ
വെമ്പുമ്പോൾ
സ്വീകരിക്കില്ലേ
നീ
എൻ
സ്വപ്‌നങ്ങളെങ്കിലും

Saturday, 15 September 2018

സൗഹൃദങ്ങൾ

ഖനിയോളം
സൂക്ഷ്മതയോടെ....
വിശ്വാസത്തിൻെറ
പട്ടുനൂലിൽ
പൊതിഞ്ഞു
ഹൃദയത്തിൻെറ
ആഴത്തിലെ
അറയിൽ
മണിച്ചിത്രതാഴിട്ടു
പൂട്ടി
ഭൂതം
നിധി കാക്കും
പോലെ
എത്രയോ
ഭാഗ്യം ചെയ്ത
സൗഹൃദങ്ങൾ

സ്വസ്ഥമായി ഒന്നുറങ്ങുവാൻ

ഏതോ ഒരു
കടലലയിൽ
തീരേണ്ടതാണോ
ഈ പ്രണയം ??

നിൻെറ  കാല്പാടുളളിൽ
എന്നെ തന്നെയല്ലേ
എണ്ണിത്തുടങ്ങിയത്???
എന്നിൽ തുടങ്ങി
നിന്നിൽ ഒടുങ്ങുവാൻ....

തിരിച്ചു നടക്കാനാകാതെ
വഴികളും തീരവും
കരയുമ്പോൾ
കുറച്ചു നേരം
കൂടെയിരിക്കുമോ??????
പറഞ്ഞു തുടങ്ങിയ
കഥ ഒന്ന് മുഴുമിപ്പിക്കാൻ
........................................

പിന്നെ
സ്വസ്ഥമായി
ഒന്നുറങ്ങുവാൻ 

ഓർമ്മകളുടെ തേരോട്ടം

സന്ധ്യ
തട്ടിതൂവുമ്പോൾ
ജനലരികിൽ
തലചേർക്കും
പിന്നെ
ഓർമ്മകളുടെ
തേരോട്ടം

തേടിനടന്നതും
കളഞ്ഞു പോയതും
നഷ്ടപ്പെട്ടതും
ചിതലരിച്ചെല്ലാം
മടങ്ങും മുമ്പേ
മനസ്സിൽ ഒരാഗ്രഹം
ഒന്നൂടെ നിന്നെ
കാണണം

പാതിനനഞ്ഞ
ആ അന്തിമഴയുടെ
മറവിൽ
ഒന്നൂടെ വാരിപുണരണം
തനിച്ചല്ലെന്നു
വീണ്ടും
മനസിനെ പറഞ്ഞ്
പറ്റിക്കാൻ..

Thursday, 13 September 2018

നിൻെറ ഓർമ്മകൾ

എൻെറ വരികളിൽ
നീ അക്ഷരങ്ങൾ മാത്രം
തിരഞ്ഞപ്പോൾ
ചിതറിവീണ
മഷിത്തുള്ളികളിൽ
വിറങ്ങലിച്ചതു
എൻെറ
പ്രണയമായിരുന്നു...

ഏറെ ഒന്നും
എഴുതിയില്ലെങ്കിലും
കോറിയിട്ടതെല്ലാം
നിൻെറ  ഓർമ്മകൾ
പൂരിപ്പിച്ചു.....................

നിനക്കൊന്നും
ഓർമ്മകാണില്ല
അന്ന് കാണാഞ്ഞത്,
കണ്ടില്ലെന്നു നടിച്ചത്!
ഇനിയും നീ
കാണുന്നതെങ്ങനെ?

Wednesday, 12 September 2018

ചുവരെഴുത്ത്

ഞെട്ടറ്റ പൂവിലും
മൊട്ടിട്ട മോഹങ്ങൾ
മുട്ടി തുറന്നു
മനസ്സിൻെറ  വാതിൽ

കാല്പാടുകളും
കല്പടവും
തണലേകിയ
മരങ്ങളും
കലർപ്പില്ലാത്ത സ്നേഹവും
മധുരമാം ഓർമ്മകൾ

നിയുക്തമാം നിയോഗങ്ങൾ
പൂർത്തിയാക്കി
കാലം കൊഴിഞ്ഞപ്പോൾ
പ്രണയം വിരിയിച്ച
വിപ്ലവവസന്തങ്ങളുടെ
ചുവരെഴുത്ത്
മാത്രം
ബാക്കിയായി

Tuesday, 11 September 2018

നഷ്ടം

ഞാൻ കേട്ട
പ്രണയത്തിൻെറ  സംഗീതം
നിൻെറ  മൗനമായിരുന്നു
എൻെറ  പ്രണയവും
നിൻെറ  മൗനത്തോടായിരുന്നു

പറയാതെ പോയ വാക്കുകളും
കാണാതെ പോയ
ഭാവങ്ങളും
ഒളികണ്ണുകളിൽ
കണ്ട സ്വപ്നവും
ആ നിശ്വാസങ്ങളും
മടുക്കാത്ത
കാത്തിരിപ്പും
ഇന്നെനിക്കു
സ്വന്തം അല്ലെങ്കിൽ.....

ഇന്ന് എൻെറ
ഏറ്റവും വലിയ
നഷ്ടം  "നീയാണ് !!

Monday, 10 September 2018

ഏടുകൾ

മനസിൻെറ
പടിപ്പുരയിൽ
അലസമായി
കടന്നു പോകുന്ന
കാലചക്രത്തെ
ഒരു വിങ്ങലോടെ
ചിലപ്പോൾ
പിടിച്ചു നിർത്താറുണ്ട്
ചെറിയതിരുത്തലോടെ
സൗഹൃദത്തിന്റെ
പുത്തൻ ഏടുകൾക്കായ്‌
വാതിൽ തുറന്നിടാറുണ്ട്!!

Saturday, 8 September 2018

മറന്നു വെച്ചതോ?

കിന്നാരം പറഞ്ഞിരുന്നു
നേരം പോയത്
അറിഞ്ഞതേ ഇല്ല...
നിൻെറ  നെഞ്ചിലെ ചൂടേറ്റു
ഒന്ന് മയങ്ങിപ്പോയി..

എപ്പോഴാണ്
പുറത്ത് മഴ
തോർന്നത് ???
നീ പോകുമ്പോൾ
കുട
കൊണ്ട് പോയില്ലേ ?

എന്നും എന്തേലും
മറന്നു വെയ്ക്കുക
നിനക്ക് പതിവായിരിക്കുന്നു

ഈ ചങ്ങല
എൻെറ  കാലുകളെ
വല്ലാതെ വേദനിപ്പിക്കുന്നു
എന്തേ !!
ഇതും നീ
മറന്നു വെച്ചതോ?

Friday, 7 September 2018

നിനക്കായി

കണ്ണിൽ
നോക്കിയപ്പോൾ
പാറിയതെൻെറ  മനസ്സല്ലേ??
മിണ്ടിയപ്പോൾ
തുടിച്ചതെൻെറ ഹൃദയമല്ലേ?

മുടിയിഴകളെ നീ
കോതിയൊതുക്കുമെന്നും
പിന്നെ നെഞ്ചോട്‌
ചേർത്തെന്നെ
കിന്നരിക്കുമെന്നും
ആശിച്ചതല്ലേ??

ഏതോ സമയം
കൊല്ലാൻ
നീ കണ്ടൊരു ആയുധമാണ്
ഞാനെന്നു
തിരിച്ചറിഞ്ഞിട്ടും ......

ഈ ഹൃദയം
എന്തേ ഇങ്ങനെ
പിടയുന്നു
നിനക്കായി

ഇഷ്‌ടം

ഞാനും
നിന്നെ
ഇഷ്ടപെട്ട്
തുടങ്ങിയിരിക്കുന്നു

നിൻെറ  ഇഷ്ടം
മൗനങ്ങളിൽ
നീ പൊതിഞ്ഞു
സൂക്ഷിക്കും പോലെ
എൻെറ  ഇഷ്ടവും
ഈ വരികളിൽ
ഞാൻ
ഒളിപ്പിക്കുന്നു

അതിൻെറ  ഭംഗി
ഒട്ടും
കളയാതെ
എടുത്തു കൊൾക
ഇത് നിനക്കുള്ള
എൻെറ  വരികൾ


Wednesday, 5 September 2018

പഴയകിനാക്കൾ

ഇനിയും
എത്ര
വിനാഴികകൾ
ദൂരങ്ങൾ താണ്ടി
എന്നരികിൽ
എത്തുവാൻ

നിൻെറ  കാൽപാടുകളിൽ
കരിയിലകൾ വീണുറങ്ങുന്നു
എന്നെയും കൂട്ടിന്
വിളിക്കുന്നു

ഉണങ്ങിയ ചില്ലയെ വിട്ടു
ആ കുഞ്ഞിക്കിളിയും
പറന്നുപോയി

പഴയകിനാക്കൾ
ഇടവഴിയോരത്തു
പതിവ് തെറ്റാതെ
ഉലാത്തുന്നു

ഇവിടെ ഇതാ
നിഴലും
മഴനനഞ്ഞ മരങ്ങളും
പകയില്ലാത്ത രാവും
പിന്നെ ഈ ഞാനും!!

Sunday, 2 September 2018

ഈ ലോകം എത്ര ചെറുതാണ്

നീ എന്നരികിലും
ഞാൻ നിന്നരികിലും
എത്തുമ്പോൾ

നമ്മുടെ പ്രണയത്തിൻെറ
മുന്നിൽ

ഈ ലോകം
എത്ര ചെറുതാണ്