ShareThis

Tuesday, 9 October 2018

അനോണി

അവർ
അനോണികൾ
വാക്കുകളിലൂടെയും
ചിന്തകളിലൂടെയും
അടുത്തറിയാൻ
തുടങ്ങി

ബന്ധങ്ങൾ
വളരാൻ തുടങ്ങി
കണ്ണാടിയിൽ
നോക്കിയാൽ
കാണും
പ്രതിബിംബം
പോലെ

പിന്നെ എപ്പോഴോ
ചിന്തകളിൽ
വിള്ളൽ വീണുതുടങ്ങിയപ്പോൾ
ഉള്ള നല്ല ഓർമ്മകൾ
നശിപ്പിക്കേണ്ടെന്ന്
കരുതിയാകും
അവൾ
അതൊരു ബ്ലോക്കിൽ
ഒതുക്കി

അപ്പോൾ അവൻ
സ്വകാര്യ സംഭാഷണങ്ങൾ
പരസ്യമാക്കി
കൂട്ടുകാരെയും
ഒപ്പം കൂട്ടി
വന്നവരും പോയവരും
എല്ലാരും അവളെ
കല്ലെറിഞ്ഞു

അവനു വല്ലാത്ത
ഒരു സന്തോഷം
തോന്നി
ആർക്കും തോൽപ്പിക്കാനാവില്ലെന്ന
അഹങ്കാരവും
അന്ന് വീട്ടിലെത്തിയ
അവൻ
വീട്ടുമുറ്റത്തെ ആൾക്കൂട്ടം
കണ്ടു ഞെട്ടി

മുറിയിൽ
വിറങ്ങലിച്ചു കിടക്കുന്ന
അനുജത്തിയുടെ
കൂട്ടിക്കെട്ടിയ കാലുകളിൽ
എന്തിനെന്ന
ചോദ്യചിഹ്നവുമായി
വിളറി വെളുത്തപ്പോഴും
അവൻ  അറിഞ്ഞില്ല
രാവിലെ
സോഷ്യൽ മീഡിയയിൽ
അവന്റെ അനോണി
ക്രൂശിലേറ്റിയത്
ഒരേ ചോരയെ
തന്നെയെന്ന്!!
അപ്പോഴും അവന്റെ
ഫോണിൽ
നോട്ടിഫിക്കേഷൻ
നിറഞ്ഞു നിന്നു !









Wednesday, 26 September 2018

അറിയാതെ എപ്പോഴോ

അറിയാതെ എപ്പോഴോ
മനസിൻെറ  തന്ത്രിയിൽ
നിന്നോർമ്മകൾ
മുട്ടി  വിളിച്ചിരിക്കാം

അറിയാതെ എപ്പോഴോ
പ്രണയാർദ്ര മിഴികൾ
ചുടുചുംബനത്താൽ
നിന്നെ പൊതിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
നിൻ ഹൃദയത്തിലെത്തി
ഒരു നൊമ്പരക്കിളിയായ്
ചിറകടിച്ചിരിക്കാം

അറിയാതെ എപ്പോഴോ
നിൻ നിഴൽ നോക്കി
അരയാൽമരം ചുറ്റി
തളർന്നിരിക്കാം

അറിയാതെ  എപ്പോഴോ
നനഞ്ഞൊരാ മഴയിൽ
നിൻെറ  ആലിംഗനം
പതിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
പുസ്തകത്താളിൽ
നിൻ മുഖചിത്രം
വരച്ചിരിക്കാം

അറിയാതെ എപ്പോഴോ
കാണാമറയത്തു
രണ്ടിണക്കിളികളായ്
പാറിപ്പറന്നിരിക്കാം

അറിയാതെ എപ്പോഴോ
പ്രണയിനിയായി
നിൻെറ  സിന്ദൂരം
അണിഞ്ഞിരിക്കാം

അറിയാതെ എപ്പോഴോ
നിൻ വിരൽത്തുമ്പാലെ
അഹല്യയായി
പുനർജനിച്ചിരിക്കാം

അറിയാതെ എപ്പോഴോ
ബാധിച്ച  നരകൾ
 പ്രണയത്തിൻ
ബാക്കിപത്രം ആയിരിക്കാം

അറിയാതെ എപ്പോഴോ
നിൻെറ മൗനങ്ങൾ
കണ്ണീരിൽ ചാലിച്ചു
കവിതയായ്....കുറിച്ചിരിക്കാം 

Tuesday, 25 September 2018

ചിതറിപോയൊരു ബാല്യം

ഉടഞ്ഞു വീണ
കുപ്പിവളകളിൽ
ചിതറിപോയൊരു
ബാല്യം

ആ ചീളുകളിന്നും
കുത്തിനോവിക്കുമ്പോൾ
തിരികെ തരില്ലേ
നിൻെറയാ  ചൂട്

അടുക്കളയിലെ
കരിപിടിച്ച മൂലയിൽ
നീ ഇറ്റിറ്റു തന്നു
വാത്സല്യവും

വിയർപ്പു മണമുള്ള
നിൻ മടിയിൽ കിടന്നു
കേൾക്കട്ടെ ആ കഥകൾ

പുനർജനിച്ചോട്ടെ
നിന്നിലൂടെ
കളഞ്ഞു പോയ
ആ കളിപ്പാട്ടം നേടാൻ

മോഹം

അണയുമീ ജീവന്
ശ്വാസമായി
നീ എന്നോ കുറിച്ചിട്ട
വരികൾ

അണപൊട്ടി പായുന്ന
കണ്ണീർ ദ്രവിച്ചതു
നീ തന്ന സ്വപ്‌നങ്ങളോടെ

മങ്ങിത്തെളിയുന്ന
കണ്ണുകളിൽ
മഴവില്ലിൻ നിറമായി
പിന്നെയും പ്രതീക്ഷ

ഏറെ ദൂരം താണ്ടി
മടങ്ങുമ്പോൾ
എല്ലാം മറന്നിട്ട്
വീണ്ടും
നിൻെറ
പുസ്തകത്തിലെ
മയിൽ‌പീലിയായി
പെറ്റുപെരുകിടാൻ
മോഹം

സെപ്റ്റംബർ

ഇളം തണുപ്പും
നിറങ്ങളും
പ്രതീക്ഷകളും
തരുന്ന
സെപ്റ്റംബർ
പ്രണയിക്കാനും
സ്നേഹിക്കപ്പെടാനുമുള്ള
തന്ത്രപ്പാടിൽ
പകലിന്റെ മുറിവുകൾ
ചേർത്തുണക്കാൻ
രാവിന്റെ നിശബ്ദത
പോരാതെ ആയി
എല്ലാം നഷ്ടപ്പെടുമ്പോഴും
ഓർമ്മകൾക്ക്
ഏഴുനിറം
എത്തിച്ചേരേണ്ടവർക്ക്
വഴി തെറ്റില്ലത്രേ
പ്രതീക്ഷയുമായി
മറ്റൊരു
പുലരി 💕

Monday, 24 September 2018

നിന്നെ ഞാനറിയുന്നു

അകലെയെങ്കിലും
നിന്നെ ഞാനറിയുന്നു

ഭൂമി-നക്ഷത്രങ്ങൾ തൻ
ദൂരമുണ്ടെങ്കിലും
രാത്രി-പകലിലെ
ദൈർഘ്യത്തിലും
ഞാൻ ഓർക്കുന്നു
നിൻെറ  വരികൾ
എനിക്കെന്നും പ്രീയം

മരവിച്ച മഞ്ഞുമലകളിൽ
എൻെറ സ്വപ്‌നങ്ങൾ
തണുത്തുറയുമ്പോൾ
വസന്തത്തിൻെറ
താഴ്വരയാകുന്നു
നിൻെറ വാക്കുകൾ

ഒന്ന് മാത്രം പറയെട്ടെ
നിന്നെ ഞാനറിയുന്നു

നീ ഈ വഴി വീണ്ടും വന്നുവോ??

നീ ഈ വഴി
വീണ്ടും വന്നുവോ??

നഷ്ടമായ
പൂക്കാലത്തിൻെറ
സുഗന്ധവും പേറി
ആരും കടന്നു വരാത്ത
വരാന്തയിൽ
നിൻ നിഴൽ കണ്ടു
സുഖമുള്ള കിനാവിൻെറ
നനവ് ഞാനറിഞ്ഞു

കടത്തുതോണിയിൽ
പാട്ടിൻെറ
ചാറ്റൽ മഴയുടെ
ഈണം
എൻെറ  മനസിലും
ഓളങ്ങളായ്

ആ കടവിലേക്ക്
ഓടിയടുക്കുവാൻ
കൈപിടിച്ചു
തുഴയാൻ
നീ ഈ വഴി
വീണ്ടും വന്നുവോ?